Wednesday, March 9, 2016

ഒരു പൂക്കാലം .



മഴയും മഴക്കാറുംമാഞ്ഞു .മാനം തെളിഞ്ഞു .

വീണ്ടും ഒരു പൂക്കാലം.

മഞ്ഞുറയുന്ന ശിശിരത്തിന് മുന്പ് ,വസന്തം ഗാനമായി പെയ്യുമ്പോള്‍ മരച്ചില്ലകള്‍ കുയിലുകള്‍ക്കുകൂട് ഒരുക്കുന്നു .അവയുടെ കുഞ്ഞുങ്ങള്‍ കാക്ക യുടെ മക്കളാണ് .ഒരുനാള്‍ അവര്‍ പാടുകയാണ് .ഞങ്ങള്‍ പാട്ടിന്റെ മക്കള്‍ ആണ് .

ഇര തേടാന്‍ പോയതാണ് കുഞ്ഞു കാക്ക .വിശപ്പിന്റെ ദുഖത്തിനിടയില്‍ മാന്തളിര്‍ തിന്നു മദിക്കുന്നതന്റെ സഹോദരനെ കണ്ടു ."പോകുദൂരെ പോകു ."അവന്‍ ആട്ടിഅകറ്റ പ്പെട്ടു .

അത് സ്നേഹത്തിന്റെ ലോക മായിരുന്നില്ല .ആയുധ ങ്ങളുടെ കൊതി ചോര നുണയാനായിരുന്നു.

കുഞ്ഞു കാക്കയുടെ കൂട്ടുകാരന്‍ ആയിരുന്നു അപ്പു .

ഉഴുതു മറിച്ചപാടത്ത് കര്‍ഷകര്‍ പുതു മഴയത്ത് വിത്തിടുന്ന കാലം .രണ്ടു മുറം വിത്തെറിഞ്ഞ അപ്പുവിന്റെ അച്ഛന്‍ തളര്‍ന്നു പോയി .പാട മണ്ണിന്റെ സ്നിഗ്ദ്ധതയില്‍ കുഴഞ്ഞു വീണതിന്റെ രണ്ടാം നാള്‍ അപ്പുവിന്റെ വീട്ടില്‍ കാലന്‍ വിരുന്നിനെത്തി .
നിരാലംബരായ ഒരമ്മയും മകനും ആ കൊച്ചു വീട്ടില്‍ തനിച്ചായി .അന്ന് തൊട്ടിന്നോളം അപ്പുവിന്റെ ദിന രാത്രങ്ങള്‍ പുലരുന്നത് അമ്മ മുക്കി തുവര്‍ത്തുന്ന കണ്ണീരു കണ്ടിട്ടാണ് .

ഓണം വിരുന്നിനെത്തിയ തൊടിയിലുംവഴി വരമ്പത്തുംപൂക്കളുടെ ആരവം ഉയര്‍ന്നു .മുറ്റത്ത്‌ കളമെഴുതാന്‍ കുട്ടികള്‍ക്ക് മത്സരം .

അപ്പുവിന് ഇത് പത്താമത്തെ ഓണമാണ് .അവന്റെ അമ്മ പനി പിടിച്ചു കിടപ്പിലായിട്ട് നാല് ദിവസമായി .

പാഠപുസ്തകങ്ങളുടെ അക്ഷരവിരലുകള്‍ അവനെ തൊട്ടുവിളിച്ചിട്ടും അവന്‍ അനങ്ങിയില്ല .
അവന്റെ ചിന്തകള്‍ വിശപ്പിനെ കുറിച്ചായിരുന്നു .പഴയത് പോലെ പണിക്കു പോകുവാന്‍ അമ്മക്ക് സാധിക്കുന്നില്ല .രോഗങ്ങള്‍ അമ്മയുടെ കൂടപ്പിറപ്പായിക്കഴിഞ്ഞു .എവിടെയാണ് തനിക്കൊരു പണി കിട്ടുക ?അവന്‍ ചിന്തിച്ചു .

അപ്പുവിന്റെ വലിയച്ഛന്റെ മക്കള്‍ അമേരിക്കയിലാണ് .മഹേഷേട്ടന്‍ ലീവിന് വന്നിട്ടുണ്ട് . ഇന്നലെ പുതിയതായി വാങ്ങിയ ritz കാറില്‍ പോകുന്നത് കണ്ടു .പാതയോരത്തു ഒതുങ്ങി നിന്ന അവനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ,അല്ലെങ്ങില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ ..

കുഞ്ഞിക്കാക്ക അവന്റെ കൂട്ടുകാരനായതു കഴിഞ്ഞ ഓണത്തിനായിരുന്നു .റേഷന്‍കടയില്‍നിന്ന് കിട്ടിയ bpl പച്ചരി പൊടിച്ചു വറുത്തു അമ്മയുണ്ടാക്കിയ നെയ്യപ്പം കാക്കയ്ക്ക് എറിഞ്ഞുകൊടുക്കുമ്പോള്‍ അപ്പു വിചാരിച്ചത് അത് തന്റെ അച്ഛനാണ് എന്നാണു .

കാക്കയന്നു മതിവരെ തിന്നു .പിന്നെയത് പതിവായി .പക്ഷെ ഇപ്പോള്‍ നാല് ദിവസമായി അപ്പു പതിവു തെറ്റിച്ചിട്ട്‌ .വേലിക്കലിരുന്നു അത് കുറെ കരഞ്ഞുനോക്കി .
അപ്പുവിന്റെ ചിന്ത മുഴുവന്‍ വിശപ്പിന്റെ ലോകത്താ‍യിരുന്നു.

നാളെ മുതല്‍ എന്തെങ്കിലും ജോലിക്ക് പോകണം.
അത് പിന്നെ പിന്നെ അവന്റെ നിശ്ചയമായി മാറി.
*******

നെരിപ്പോടുകള്‍.


ഒരുക്കങ്ങള്‍ പൂര്‍ത്തിയായന്ന്‍  അവന്‍ വിളിക്കപ്പെട്ടു.
‘കിച്ചു‘ എന്നായി  അവന്റെ പുതിയ പേര്.
ഇതുവരെ അവന്റേതായിരുന്നതെല്ലാം ഇനി എന്തിനോ മാറ്റിയെഴുതുന്നു .

‘മഹതി’ എന്നുവിളിച്ച് ആരൊക്കെ അവരെ പുകഴ്ത്തുന്നുവെന്ന് തിരക്കിട്ടന്വേഷിക്കുന്നുണ്ടല്ലോ മാധ്യമങ്ങള്‍ !.

“അതാണ് ഇനിമുതല്‍ നിന്റെ അമ്മ.
ഒരു വലിയ ജഡ്ജിയാണ് .
അവരുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങ്.”
മദര്‍ അവനെ നിര്‍ബന്ധിച്ചു.

ഒരുപാടു പേര്‍ ഉപേക്ഷിച്ച ഒരായിരം  കുഞ്ഞുങ്ങള്‍ .
അവരേപ്പോലെ അവന്‍ വളരുന്നു .
പഴയൊരു ബഞ്ചില്‍ ചുമരും ചാരിയിരുന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നത് അവന്‍റെ  ബാല്യം.
അതിനും മുന്‍പിലായി അന്വേഷിക്കുന്നതിലേക്ക്  ഉപേക്ഷിക്കപ്പെടുന്ന സമയത്ത് കഴുത്തിലിട്ടിരുന്ന ഏലസ്സിനകത്ത് ഒരു കുറിപ്പെഴുതിയിട്ടുണ്ടായിരുന്നു .
‘വലുതാകുമ്പോള്‍ ഉണ്ണി വരണം.
അമ്മ കാത്തിരിക്കുന്നുണ്ട് .
അങ്ങിനെയൊരു നിമിഷത്തിനു വേണ്ടി ’.

ഒരുപാടു നാള്‍ മുകളിലേക്കും താഴേക്കും കൂട്ടിനോക്കി.
ഉത്തരം തരികയില്ലാത്ത ചില സമസ്യകളെ .
ഒടുക്കം എല്ലാം തീരുമാനമാകേണ്ടിടത്ത് വെച്ച് അവന്‍ വിളിക്കപ്പെട്ടു .


ജസ്റ്റിസ്.ഇന്ദു മേനോന്‍ ഇപ്പോള്‍ മുതല്‍ അവന്റെ പോറ്റമ്മയാണ്.
കാലം അവനെ അവര്‍ക്കുവേണ്ടി ദത്തെടുക്കുമ്പോള്‍ നെരിപ്പോടുകള്‍
എരിയുന്നിടങ്ങള്‍ക്ക് മുന്‍പേ ഒരു മറക്കുട കൂടി അവര്‍ കരുതിയിരുന്നു.

ഇപ്പോഴവര്‍ സന്തോഷിക്കട്ടെ.
ഇന്നലെകള്‍ക്ക് പ്രായശ്ചിത്തമായെന്നു കരുതട്ടെ .
പക്ഷെ നാളെകള്‍ ഇനിയുമേറെ  ബാക്കിയുണ്ട് .
അവന്‍റെ അനാഥത്ത്വമൊരുക്കിയ  മുള്‍ക്കണ്ണികള്‍ അവനു മുന്നിലും പിന്നിലും ഒരു കവചമായി മാറിയിട്ടുണ്ടായിരുന്നല്ലോ !.

എല്ലാം ചിതറിത്തെറിക്കും.
അതിനുമാത്രമുണ്ട് പുകഞ്ഞുപുകഞ്ഞിരിക്കുന്നഅഗ്നിപര്‍വ്വതങ്ങള്‍ .
കൌമാരത്തിന് വഴിമാറിക്കൊടുത്തുക്കൊണ്ടിരിക്കുന്ന കുഞ്ഞുമനസ്സിന്‍റെത്
പരുപരുത്ത ചില നിശ്ച്ചയങ്ങളായിരുന്നല്ലോ  . 

എല്ലാവരും എല്ലാറ്റിനും മറുപടി പറഞ്ഞേമതിയാകൂ.
കാരണം ഈ ലോകം അനാഥരുടെതാക്കിത്തീര്‍ക്കുന്നവര്‍ 
ഉന്നതങ്ങളിലെല്ലായിടത്തുമുണ്ട്.
ലോകത്തെ ജാതി തിരിച്ചും മതം തിരിച്ചും കൊടിയുടെ നിറം നോക്കി ത്തിരിച്ചും,
ആയുധങ്ങള്‍ക്കൊണ്ട് ആയുസ്സിലെഴുതുന്നിടത്ത് പിന്നെയും പിന്നെയും കുഞ്ഞു ജന്മങ്ങള്‍  അനാഥരായി പ്പിറന്നു കൊണ്ടേ യിരിക്കുന്നുണ്ടല്ലോ .

മനുഷ്യരക്തം കൊണ്ട് കൈതുടച്ച് വിശുദ്ധ സ്ഥാനങ്ങള്‍ ഏറി ക്കഴിയുമ്പോള്‍
ജനം അവരെ വാഴ്ത്തുന്ന തിരക്കില്‍ പെട്ടുപോകാറുണ്ട് .
അപ്പോഴേക്കും അനാഥക്കുഞ്ഞുങ്ങള്‍ ജനുസ്സറിയാതെ വളരാന്‍ പരുവപ്പെട്ടിട്ടുണ്ടാകും .

തെരുവ് കുറ്റവാളികളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും മുഖമാവുന്നിടത്ത് അധികാരത്തിലമര്‍ന്നുതന്നെ  കാര്‍ക്കിച്ചു തുപ്പുന്ന വിശുദ്ധ രക്തങ്ങള്‍!

എല്ലാവരും വില്‍ക്കുകയാണ് .
ദുരയുടെ പണപ്പെട്ടിയില്‍ ചില്ലറകള്‍ മാത്രമായി അടുക്കുവാന്‍ ഇഷ്ടമില്ലാത്തവര്‍ അറ്റമില്ലാത്ത അധികാരക്കസേരകള്‍ കാണ്‍കെ പിന്നെയും പിന്നെയും ആര്‍ത്തുകൊണ്ടിരിക്കുന്നു .

“എല്ലാവരും ഭക്ഷണം കഴിക്കാന്‍ വരൂ...”
അറിയിപ്പുകളുമായി ആരൊക്കെയോ പാഞ്ഞുനടക്കുന്നു .

ഇന്നത്തെ ഭക്ഷണം അമ്മയുടെ വകയാണ്.
പോരാതെ എല്ലാവര്‍ക്കും വസ്ത്രങ്ങളുമുണ്ട്.
ഇത് ഒരു മനുഷ്യസ്നേഹമാണെന്ന് എല്ലാവരും ധരിച്ചു വെങ്കിലെ  വരേണ്യതയുടെ ശ്രേഷ്ഠമെന്നുള്ള  വാഴ്ത്തപ്പെടലുകള്‍ കേള്‍ക്കാനാവു .

സ്നേഹം.
എല്ലാവരും കപടമായി നടിക്കാന്‍ ശ്രമിക്കുന്ന ഒരു വാക്ക്.
ജാതിക്കും മതത്തിനും രാഷ്ടീയത്തിനും മീതെ പ്രതാപത്തിനും കുലമഹിമക്കും ദുരാര്‍ത്തിക്കും മീതെ  ചതിക്കപ്പെടുന്നവരുടെ ഒരു ക്രോധം
പ്രളയജലമായി പെരുകി നിറയേണ്ടിടത്ത് സ്ഥാനം നഷ്ടപ്പെട്ടുപോകേണ്ടുന്ന ഒന്നു മാത്രമാണ്  സ്നേഹം!

ദുര മൂത്ത മനുഷ്യരേ, ഓര്‍ത്തുകൊള്ളുക...
നിങ്ങള്‍ വെളുപ്പിക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ കൂടുതല്‍ രക്തച്ചുവപ്പില്‍ കുതിര്‍ന്നു വഴുതുന്ന വര്‍ണ്ണവെറിയുടെ മേലങ്കികള്‍ ഇനി അണിയാനാകാതെ സ്വന്തം രക്തം കൊണ്ടു കുതിര്‍ത്തു വാങ്ങേണ്ടിവരും .
അതിനു പോരുന്ന ഒരു ജനത നിങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു .


സൃഷ്ടാവിന്‍റെ പേരില്‍ പോലും അതു നിങ്ങള്‍ ചെയ്തുകഴിഞ്ഞു .

വിമലാമേനോന്റെ കൈകള്‍ വിറയാര്‍ന്ന് അവന്റെ ചുമലില്‍ സ്പര്‍ശിക്കുമ്പോഴും അവന്റെ കണ്ണുകളില്‍ അഗ്നി ചിതറിപ്പരക്കുന്നുണ്ടായിരുന്നു.
******